:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, June 05, 2006

::കനകപുര റോഡിലെ പുളിമരങ്ങള്‍ എന്നോട്‌ പറയുന്നത്‌ .. ::

സോമനഹള്ളിയിലേക്കുള്ള യാത്രയില്‍ കനകപുര റോഡിലെത്തുമ്പോള്‍ നമ്മള്‍ നിശ്ശബ്ദരാവും .. പിന്നെ അങ്ങോട്ട്‌ റോഡിനിരുവശവുമുള്ള മരങ്ങള്‍ ആണ്‌ നമ്മുടെ കൂട്ടുകാര്‍ .. ഓരോ മരത്തിനും ഓരോ കഥകള്‍ പറയാനുണ്ടാവും .. നൂറ്റണ്ടുകളുടെ പഴക്കം ഉള്ള കൂറ്റന്‍ മരങ്ങള്‍ .. രാജപ്രതാപത്തോടെ തന്നെ വഴിയോരത്ത്‌ തണല്‍ വിരിച്ച്‌ നിന്നു .. മരങ്ങള്‍ എന്നും എനിക്ക്‌ ഒരു fantacy ആണ്‌ .. കാറിലിരുന്ന് ചുറ്റിനും ഉള്ള പുളിമരങ്ങളോട്‌ ഓരോന്ന് പറഞ്ഞ്‌ പറഞ്ഞ്‌ നീങ്ങുകയാവും ഞാന്‍ ... നഗരത്തില്‍ ഭംഗിയുള്ള മഴ കാണാനും എനിക്ക്‌ ഇവിടം വരെ വരണം .. നാട്ടില്‍ ഓടിന്റെ ചാലുകളിലൂടെ ഒഴുകിയെത്തുന്ന മഴ നിരനിരയായി പെയ്യുന്നതും കണ്ട്‌ മണിക്കൂറുകളോളം നിന്നിട്ടുണ്ട്‌ .. കുട്ടിക്കാലത്തെ മഴ ഓര്‍മകള്‍ എനിക്ക്‌ ഓടിന്റെ ചാലുകളിലൂടെയും പാത്തികളിലൂടെയും വരുന്ന വെള്ളച്ചാട്ടങ്ങളാണ്‌. ഇവിടെ മഴ പുളി മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന് ഊര്‍ന്ന് ഇറ്റിറ്റു വീഴുന്ന സൂചി വെള്ളങ്ങള്‍ ആണ്‌ .. പിന്നെ മുടിത്തെയ്യത്തിന്റെ രൌദ്രതയും ചിലസമയങ്ങളില്‍ ...

***
ഒരിക്കല്‍ ഞാന്‍ ഒരു മുത്തശ്ശി മരത്തിന്റെ അരികില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ മരം പറയുകായിരുന്നു,

"എടാ കള്ളതിരുമാലീ .. നിന്നെ പോലെ 100 പേര്‍ വന്ന് മൂത്രം ഒഴിച്ചാലും എന്റെ ഒരു വേരിനു പോലും ഇളക്കം തട്ടുകയില്ല .. "

"അഹങ്കാരീ നിന്റെ over confidence ഇച്ചിരി കൂടുന്നുണ്ട്‌ ..."

മര മുത്തശ്ശി വിടാനുള്ള ഭാവമില്ലായിരുന്നു .. " നിന്നോടൊക്കെ എന്തിനാ മോനേ ഞാന്‍ അഹങ്കാരം കാട്ടുന്നേ .. നിന്റെ മൂന്ന് തലമുറയെ ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നു .. എല്ലാവരും വരും ഇവിടെ വന്ന് വലിയ എന്തോ ആണെന്ന മട്ടില്‍ വന്ന് നോക്കിയിട്ട്‌ പോകും ... എനിക്ക്‌ പലപ്പോഴും ചിരി പൊട്ടും കാണുമ്പോള്‍ !! .. മേത്തൊക്കെ ചാര നിറം പൂശി ഒരു കൂട്ടം ആളുകല്‍ വരാറുണ്ടായിരുന്നു .. അവര്‍ വന്ന് എന്റെ ചുറ്റിനും നിന്ന് അട്ടവും പാട്ടും .. ഹോ ആകെ ബഹളമായിരിക്കും ... ആദ്യമൊക്കെ എനിക്ക്‌ ദേഷ്യം വരും .. പിന്നെ താളത്തില്‍ ഞാനും അങ്ങ്‌ ഉറങ്ങിപ്പോകും ... എല്ലാം കഴിയുമ്പോള്‍ അവര്‍ എന്റെ മേല്‍ ആണി അടിക്കുന്നത്‌ കാണാം .. എനിക്ക്‌ നോവുമെങ്കിലും ഞാന്‍ അനങ്ങാതെ നിന്ന് കൊടുക്കും .. പിന്നെ അവര്‍ ഒരു നൂലു കൊണ്ടെന്നെ ചുറ്റും .. തമാശയൊന്നുമല്ല .. എന്നെ കെട്ടിക്കൊണ്ട്‌ എങ്ങോട്ടോ പോകാനുള്ള പുറപ്പാട്‌ പോലെയായിരിക്കും എല്ലാവരുടെയും ഭാവം .. അങ്ങനെ ഒരു കൂട്ടര്‍ .. എത്രയൊ എത്രയോ പേരെ ഞാന്‍ ഇവിടെ ഈ ഇരിപ്പില്‍ ഞാന്‍ കാണുന്നു .. നിന്നോടെന്തിന്‌ ഞാന്‍ അഹങ്കാരം കാണിക്കണം കുഞ്ഞെ ...!! ഒരിക്കല്‍ ഒരു ആനയും ആനക്കാരനും ഇവിടെ വന്നിരുന്നു .. എനിക്ക്‌ നല്ല ഫലിതം തോന്നി .. ആദ്യം എനിക്ക്‌ തോന്നിയത്‌ ആന എവിടെനിന്നൊ ഒരു പനമ്പട്ട വലിച്ച്‌ വരുന്നതാണെന്ന് .. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌ അങ്ങേര്‍ ആനയെ ഇട്ട്‌ വല്ലാതെ തല്ലുന്നുണ്ടെന്ന് .. പാവം ആന .. ആദ്യം എന്റെ ആ നീണ്ട്‌ നില്‍ക്കുന്ന ചില്ലയില്ലെ - അത്‌ വച്ച്‌ ഒരു പെട വച്ച്‌ കൊടുത്താലോ എന്ന് കരുതി ഞാന്‍ .. പിന്നെ കരുതി വേണ്ട എന്താണ്‌ സംഭവിക്കുന്നത്‌ എന്ന് നോക്കാം .. ആനക്കാരന്‍ വന്ന് ആനയെ ചങ്ങല കൊണ്ട്‌ എന്റെ മേല്‍ ബന്ധിച്ച്‌ എങ്ങോട്ടോ പോയി .. ആനയാണെങ്കില്‍ അങ്ങേര്‍ പോയ തക്കം നോക്കി ചങ്ങല വലിച്ച്‌ പൊട്ടിക്കാന്‍ വേണ്ടി വലിയും .. എനിക്ക്‌ നന്നായി വേദനിക്കുന്നുണ്ടായിരുന്നു ... ആനയുടെ കണ്ണീര്‌ കണ്ടപ്പോള്‍ ഞാന്‍ ഒന്നും പറയാതെ നിന്ന് കൊടുത്തു .. പാവം .. വലിയുടെ വേദനയെക്കാള്‍ എനിക്ക്‌ നൊന്തത്‌, വലി ഫലിക്കാതെ വന്ന് തളര്‍ന്ന ആന പിന്നെ എന്റെ മേല്‍ അവന്റെ പാറ പോലത്തെ പുറം വച്ച്‌ ഉരക്കാന്‍ തുടങ്ങിയതാണ്‌ .. വല്ലതെ ദേഷ്യം വന്നു എനിക്ക്‌ .. ഈ പുറക്‌ വശത്ത്‌ കാണുന്ന പാണ്ട്‌ പോലത്തെ ഈ കലയില്ലെ .. അത്‌ അന്ന് ഉണ്ടായതാണ്‌ .. പുറക്‌ വശത്തായത്‌ കൊണ്ട്‌ ഭാഗ്യം റോഡിന്‌ നേരെയുള്ള വശത്തായിരുന്നെങ്കില്‍ എന്താവുമായിരുന്നു .. ജീവിത കാലം മുഴുവന്‍ പാണ്ടും വച്ച്‌ ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ നാണം കെടില്ലായിരുന്നോ .. ഏറെ നേരം കഴിഞ്ഞപ്പോള്‍ ആനക്കാരന്‍ ആടിയാടി വരുന്നത്‌ കണ്ടു ... എന്ത്‌ പറ്റിയോ ആവോ .. എങ്ങനെയൊക്കെയോ വന്ന് ആനയെയും അഴിച്ച്‌ കൊണ്ട്‌ അവന്‍ നടന്ന് പോയി ... പാവം .. - എന്റെ ഒരു തകരാര്‍ ഇതാണ്‌ .. ആരോടും എനിക്ക്‌ കനപ്പിച്ച്‌ ഒരു വാക്ക്‌ പോലും പറയാന്‍ കഴിയില്ല .. പിന്നല്ലെ അരെയെങ്കിലും ശിക്ഷിക്കുന്നത്‌ ... എങ്ങനെ ശിക്ഷിക്കും .. ഞാന്‍ തന്നെ ഓക്സിജനും ആഹാരവും തണലും ഒക്കെ കൊടുത്ത്‌ വളര്‍ത്തുന്ന കുട്ടികളെ ഞാന്‍ തന്നെ എങ്ങനെ ശിക്ഷിക്കും ... എന്നാലും ചില നേരത്തെ ഇവരുടെ കുരുത്തക്കേടൊക്കെ കാണുമ്പോള്‍ ദേഷ്യവും സങ്കടവും ഒക്കെ വരാറുണ്ട്‌ കേട്ടൊ .. ഒരു നാള്‍ എന്റെ കുരുക്കള്‍ എല്ലാ കൊല്ലവും വന്ന് എടുത്ത്‌ കൊണ്ടു പോകുന്ന ഒരു മഹാന്‍ വന്ന് എന്റെ ഒരു വലിയ ചില്ല മുറിക്കാന്‍ തുടങ്ങി .. ആദ്യം ഒരു കിഴുക്ക്‌ വച്ച്‌ കൊടുക്കന്‍ തോന്നി.. പിന്നെ അങ്ങേര്‍ പറയുന്നത്‌ കേട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നിയില്ല ... വീട്‌ പണിയാന്‍ മോന്തായതിന്‌ പാകത്തില്‍ ഒരു നീളം വേണം എന്ന് പറയുന്നത്‌ കേട്ടു ... വീട്‌ മേയുന്നതിന്‌ വേണ്ടി ഒരു മരച്ചില്ല ചോദിച്ചാല്‍ ഞാന്‍ എങ്ങനെ കൊടുക്കതിരിക്കും നീ പറ .. എനിക്ക്‌ ഏറ്റവും നൊന്ത ദിനമാണത്‌ .. എന്റെ മരത്തിലെ ഏറ്റവും സുന്ദരിയും ഏറ്റവും കൂടുതല്‍ പുളിങ്കുരു ഉണ്ടാക്കിയിരുന്നതും എന്റെ പ്രിയപ്പെട്ട ആ ചില്ലയായിരുന്നു ... എന്നലും ഞാന്‍ ഇന്ന് സങ്കടപ്പെടുന്നില്ല .. കാരണം ഒരു വീട്‌ മേയാന്‍ കഴിഞ്ഞല്ലോ .. ആളുകള്‍ എന്നെ വന്ന് സ്നേഹിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ ഭയങ്കര സന്തോഷമാണ്‌ .. ഒരിക്കല്‍ ഒരു പറ്റം കുട്ടികള്‍ വന്ന് ഇവിടെ ആട്ടവും പാട്ടും ഒക്കെയായിരുന്നു .. എന്തൊരു ബഹളം .. അവര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നതും എന്തൊക്കെയൊ എഴുതിയെടുക്കുന്നതും ഒക്കെ കാണാമായിരുന്നു .. എത്രയോ ടണ്‍ ഓക്സിജന്‍ ഞാന്‍ ഉണ്ടാകുന്നുണ്ടെന്നോ .. ഒക്കെ അവര്‍ പറയുന്നത്‌ ഞാന്‍ കേട്ടു .. എനിക്ക്‌ കനക്കിലെ മായാജാലമൊന്നും പിടികിട്ടിയില്ല .. എന്നാലും ഒരു കാര്യം ഉറപ്പായിരുന്നു - അവര്‍ എന്നെ നന്നായി സ്നേഹിക്കുന്നു എന്ന് .. അത്‌ മതി എനിക്ക്‌ .. വൈകുന്നേരം മുടന്തനായ ഒരു കുട്ടി വന്ന് എന്നെ കെട്ടിപിടിച്ച്‌ ഒരു ഉമ്മ തന്നു .. ഇതാ നോക്ക്‌ എന്റെ ചില്ലകളൊക്കെ ആനന്ദം കൊണ്ട്‌ പുളകിതനായി ... കുട്ടികളെയൊക്കെ എനിക്ക്‌ ഭയങ്കര ഇഷ്ടമാണ്‌ .. അവരുടെ ചിരിയും കളിയും കേട്ടിരിക്കുമ്പോള്‍ എനിക്ക്‌ മഴ വരുമ്പോഴത്തെ സന്തോഷമാണ്‌ .. എത്രയോ കാക്കകള്‍, അണ്ണാറക്കണ്ണന്മാര്‍ ... പരുന്തുകള്‍ .. കുറുമ്പന്മാരായ കുരങ്ങന്മാര്‍ .. പേരറിയാത്ത എത്രയോ കിളികള്‍ .. ഉറുമ്പുകള്‍ എത്രയോ എത്രയോ ജീവജാലങ്ങള്‍ എന്റെ കുടക്ക്‌ കീഴില്‍ ഇന്ന് സുരക്ഷിതരാണ്‌ .. ഒക്കെയും നീ കാണുന്നതല്ലേ .. എന്നിട്ടും നീയെന്നെ അഹങ്കാരീ എന്ന് വിളിച്ചല്ലോ താടീ - കള്ളത്താടീ .. "...

അന്ന് ആണ്‌ ഏറെ നേരം ഞാന്‍ മര മുത്തശ്ശിയോട്‌ സംസാരിച്ച്‌ ഇരുന്നത്‌ ... എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദ തന്തുലിതമായ ദിനവും അത്‌ തന്നെയായിരുന്നു .. അങ്ങനെ കുറേ നാളുകള്‍ .. എപ്പോഴും ഗുരുകുലത്തില്‍ പോകുമ്പോള്‍ .. മുത്തശ്ശ്യേ .. ഞാന്‍ പോന്നേ .. എന്ന് വിളിച്ച്‌ പറഞ്ഞ്‌ അങ്ങ്‌ പോകും ..

"നിനക്ക്‌ ഇപ്പൊള്‍ ഇവിടെ വന്ന് ഒന്നിരിക്കാന്‍ പോലും നേരം ഇല്ലാണ്ടായി .."

"ഇല്ല ഞാന്‍ അടുത്ത തവണ വരാം .."

***
കാലം കുറെ കഴിഞ്ഞു .. ബാങ്കളൂര്‍ നഗരം വളര്‍ന്ന് വളര്‍ന്ന് അങ്ങ്‌ മര മുത്തശ്ശിയേക്കാളും വലുതായി ... ഒരു നാള്‍ പത്രത്തില്‍ കണ്ടു, കനകപുര റോഡ്‌ വലുതാക്കാന്‍ പോകുന്നു എന്ന് .. അന്ന് അത്‌ അലക്ഷ്യമായി വയിച്ച്‌ വിട്ടു .. അന്നൊന്നും കരുതിയിരുന്നില്ല ആര്‍ക്കെങ്കിലും മര മുത്തശ്ശിയെ തൊടാന്‍ പറ്റുമെന്ന് .. പിന്നെ മന്തി സഭകള്‍ പലത്‌ മാറി .. എല്ലാവരും കനകപുര റോഡിനെ പറ്റി തെരഞ്ഞെടുപ്പിന്‌ സംസാരിച്ചു - പിന്നെ മറന്നു .. അങ്ങനെ കുറേ നാള്‍ .. ഒരു നാള്‍ പത്രത്തില്‍ വീണ്ടും ഒരു വാര്‍ത വന്നു .. കനകപുര റോഡിന്റെ പണി ആരംഭിക്കാന്‍ പോകുന്നു എന്ന് ..
...

പിന്നെ എല്ലാം പെട്ടെന്നായിരുന്നു ...

...

ഇത്തവണ ഗുരുകുലത്തില്‍ പോയപ്പോള്‍ ഞാന്‍ തല കുനിച്ചിരുന്നു .. നിവര്‍ന്ന് നോക്കാന്‍ എനിക്ക്‌ ധൈര്യം ഇല്ലായിരുന്നു .. മര മുത്തശ്ശി അവിടെ വഴിയോരത്ത്‌ തന്നെയുണ്ട്‌ .. ദൂരെ നിന്നും ഞാന്‍ കണ്ടു ... വഴി നീളെ പിഴുതു മറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ... JCB ഭീമന്‍ രൌദ്രനായി ഊരു ചുറ്റുന്നു അവിടെയൊക്കെ ... ദിനോസോറിന്റെ പോലത്തെ കൈകളുമായി അവന്‍ പുളിമരങ്ങളെയൊക്കെ ചുവടോടെ പിഴുതെടുക്കുകയാണ്‌ ... എന്റെ മരമുത്തശ്ശി ദൂരെ നിന്നും കരയുന്നുണ്ട്‌ ..

" ഏയ്‌ .. നീ എന്താ എന്റെ അടുത്ത്‌ വരാത്തത്‌ ... എനിക്ക്‌ പേടിയാവുന്നു ... എന്റെ ഊഴവും അടുത്തു ... എന്നെയും അവര്‍ .. ഏയ്‌ .. താടീ .. എന്റെ അഹങ്കാരമൊക്കെ പോയി .. നീ എന്നെ എന്ത്‌ വേണമെങ്കിലും വിളിച്ചോ .. നമ്മളെയൊക്കെ ഒന്ന് രക്ഷിക്ക്‌ .. എല്ലാവരും പോയി എന്റെ അടുക്കല്‍ നിന്നു, .. കാക്കകളും കിളികളും ഒക്കെ പറന്ന് പോകുകയാണ്‌ .. കുരങ്ങന്മാരൊക്കെ ഒരു ദിവസം രാവിലെ എവിടെയോ പോയി ... ഇന്നെനിക്ക്‌ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ പോലും ആരും ഇല്ല ... നീ എന്താ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തെ ... ഇതാ ഇവിടെയാണ്‌ മുത്തശ്ശി ... എന്താ മോനേ നീ മറന്ന് പോയോ നമ്മളെയൊക്കെ .. "

താരയും ഞാനും അന്ന് ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു ... നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ മാത്രം ഉറക്കെ ... ഇന്ന് പരിസ്ഥിതി ദിനമാണല്ലോ .. ഇന്നും നമ്മള്‍ ഉറക്കെ സംസാരിക്കുകയാണ്‌ .. നമ്മുടെ അലക്ഷ്യജീവിതവും, അഹങ്കാരവും, നിസ്സഹായതയും, ഒക്കെ ഒക്കെ മറച്ച്‌ പിടിക്കാന്‍ ..

6 Comments:

Blogger Salil said...

ഒരു പരിസ്ഥിതി ദിനം കൂടി ..

6/05/2006 10:27:00 AM  
Anonymous Anonymous said...

കനകപുരയിലെ പുളിമരങ്ങളുടെ തണലിലൂടെ വര്‍ഷങ്ങല്‍ക്ക് മുമ്പ് മനസ്സ് വിങ്ങി ഒത്തിരി നടന്നിട്ടുണ്ട്. അവയെല്ലാം പോയെന്നറിയുമ്പോള്‍ ഇനിയങ്ങോട്ട് വരണ്ടെന്ന് തോന്നുന്നു. എത്ര മരങ്ങളായിരുന്നു.... അവിടെ നിന്ന് പിന്നെയും കുറെ പോകുമ്പോള്‍ പാറയ്ക്കുള്ളില്‍ ഒരു ക്ഷേത്രവും ഉണ്ടായിരുന്നു. എവിടെയാണെന്ന് പറഞ്ഞു തരാന്‍ കൃത്യമായി അറിയില്ല... അതിപ്പോഴും അവിടെയുണ്ടോ?

പോള്‍

6/05/2006 08:02:00 PM  
Anonymous Anonymous said...

environmental day is just a celebration - it has nothing to do with protection of environment... every where - every part of the world environment is being spoiled. trees are sentiments for only poets - not for business people or politicians.

6/05/2006 09:52:00 PM  
Blogger ബിന്ദു said...

നല്ല ആശയം, നല്ല എഴുത്ത്‌, നന്നായി ഇഷ്ടപ്പെട്ടു.

മരമായിരുന്നു ഞാന്‍ പണ്ടെന്നൊ മഹാനദിക്കരയില്‍ നദിയുടെ പേരു ഞാന്‍ മറന്നു പോയ്‌..

മരമുത്തശ്ശിക്കെന്റെ പ്രണാമം..

6/05/2006 09:55:00 PM  
Blogger Salil said...

അനോണിമച്ചാ ... ഞാന്‍ ഇത്‌ വരെ കണ്ടിട്ടില്ല പാറക്കുള്ളിലെ ക്ഷേത്രം ... ഏകദേശം എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ കണ്ടു പിടിക്കാം .. ക്ഷേത്രങ്ങള്‍ മുന്‍പ്‌ റോഡ്‌ വികസനത്തില്‍ ഇളക്കം തട്ടാതെ നിന്നിരുന്നു .. ഇന്ന് ആരാധനാലയങ്ങളും നീക്കം ചെയ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു ... പണം വരുമ്പോള്‍ നമ്മല്‍ എല്ലാം മറക്കുന്നു ...

6/05/2006 10:53:00 PM  
Anonymous Anonymous said...

vikasanavum venam - maravum venam
ellaam koote onnichu kittumo ennariyilla.
marangalotum pakshikalotum okke namukk oru prathyeka ishtam undu.

ezhuthth nannaayirikkunnu.
manassil oru vallaatha vedana undu salilnte ezhuthth vaayikkumpol.

6/06/2006 09:56:00 AM  

Post a Comment

<< Home