:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, May 08, 2006

::രവിയേട്ടന്‍::

മ്മുടെ നാട്ടിലെ ഒരു കഥാപാത്രമാണ്‌ രവിയേട്ടന്‍. എനിക്ക്‌ ഓര്‍മയുള്ള കാലം മുതല്‍ ഞാന്‍ രവിയേട്ടന്‍ ഒരേ pace'ല്‍ നടന്ന് പോകുന്നത്‌ കാണുന്നുണ്ട്‌. രവിയേട്ടന്റെ ശീലങ്ങളില്‍ ചിലത്‌ ആയി എനിക്കോര്‍മയുള്ളത്‌, ബാങ്കില്‍ നിന്നും വന്ന് ബസ്‌ ഇറങ്ങിയാല്‍ നേരെ അടുത്തുള്ള ചാരായക്കടയില്‍ ചെന്ന് കയറും. ( ചാരായം നിരോധിച്ചിട്ടില്ലായിരുന്ന കാലത്തെ കഥയാണ്‌ ) .. പിന്നെ നന്നായി രണ്ടു മൂന്നെണ്ണം പിടിപ്പിച്ച്‌ പുറത്തെ ആലിന്‍ ചുവട്ടില്‍ ഇരുന്ന് ബീഡി തൊഴിലാളികളുടെ കൂടെ ഇരുന്ന് ചീട്ട്‌ കളിക്കും വൈകുവോളം. 8-9 മണിയോടെ ആരോടും അധികം വര്‍ത്തമാനം ഒന്നും പറയാതെ അദ്ദേഹം നടന്ന് പോകുന്നതും കാണാം. ഇതായിരുന്നു ചെറുപ്പം മുതലേ രവിയേട്ടനെ കുറിച്ചുള്ള എന്റെ കാഴ്ചകള്‍.. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെങ്കിലും രവിയേട്ടന്‍ നമ്മോട്‌ വലിയ കൂട്ടായിരുന്നു .. ഇടക്കിടെ വീട്ടില്‍ വരും സംസാരിച്ചിരിക്കും - അമ്മയുടെ അര്‍ഥം വച്ചുള്ള സംസാരങ്ങള്‍ക്ക്‌ നല്ല മറുപടിയും നല്‍ക്കി അദ്ദേഹം അദ്ദേഹത്തിന്റെ ഫിലോസഫിയെ ന്യായീകരിച്ച്‌ നടന്നങ്ങ്‌ പോകും .. അതും ഞങ്ങള്‍ കാണാറുണ്ടായിരുന്നു ... ഞങ്ങളോട്‌ ( എന്നോടും പെങ്ങളോടും ) അധികം ഒന്നും സംസാരിക്കാറില്ലെങ്കിലും, നമ്മളെ വലിയ കാര്യമായിരുന്നു എന്ന് നമുക്കറിയാമായിരുന്നു...

കഴിഞ്ഞ ദിവസം നാട്ടില്‍പോയപ്പോള്‍ ടൌണില്‍ നിന്നും തിരിച്ച്‌ വീട്ടിലേക്ക്‌ വരുന്ന വഴി രവിയേട്ടന്‍ നടന്ന് വരുന്നത്‌ കണ്ടു ഞങ്ങള്‍ ... താരയും നീലയും ഉണ്ടായിരുന്നു കൂടെ .. രവിയേട്ടന്‍ പൊതുവേ ആരുടെ കൂടെയും കാറില്‍ യാത്ര ചെയ്യുന്നതൊന്നും കണ്ടിട്ടില്ലായിരുന്നെങ്കിലും, ഞങ്ങള്‍ കാര്‍ നിര്‍ത്തി വരുന്നോ എന്ന് ചോദിച്ചു .. അദ്ദേഹം ഉടനെ തന്നെ കയറുകയും ചെയ്തു .. പിന്നെ ഒന്നും രണ്ടും ഒക്കെ പറഞ്ഞ്‌ വന്ന് ഞങ്ങളുടെ വീടെത്തിയപ്പോള്‍ വീട്ടില്‍ ഒന്ന് കയറിയിട്ട്‌ പോകാം എന്ന് ഞങ്ങള്‍ ക്ഷണിക്കുകയും ചെയ്തു ..

"വേണ്ട എന്നെ വീട്ടില്‍ ഇറക്കിയാല്‍ മതി - ഞാന്‍ പിന്നെ വരാം "

ഞങ്ങള്‍ നിര്‍ബന്ധിക്കാനും പോയില്ല ... അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ട്‌ മടങ്ങി വന്നു. 5 മിനുറ്റ്‌ കഴിഞ്ഞില്ല രവിയേട്ടന്‍ ഓടി വന്നു ... വന്ന ഉടനെ എന്നെ വിളിച്ച്‌ അദ്ദേഹത്തിന്റെ കൈ മണപ്പിച്ചു തന്നിട്ട്‌ പറയുകയാണ്‌ ...

"നീ ക്ഷണിച്ചപ്പോള്‍ ഞാന്‍ വരാതിരുന്നത്‌ എന്തു കൊണ്ടാണെന്നോ .. ഞാന്‍ ചാരയം കുടിച്ചിട്ടാണ്‌ വരുന്നത്‌ .. എനിക്ക്‌ നിന്റെ കുട്ടിയെ ഒന്നെടുക്കണം .. ചാരയം തൊട്ട കൈ കൊണ്ട്‌ ഞാന്‍ നിന്റെ കുട്ടിയെ തൊടില്ല .. പോയി ചന്ദന സോപ്പ്‌ ഇട്ട്‌ കഴുകിയിട്ടാണ്‌ ഞാന്‍ വരുന്നത്‌ .. ഇനി എനിക്ക്‌ നിന്റെ കുട്ടിയെ ഒന്നെടുത്ത്‌ മടിയില്‍ വയ്ക്കണം "..
......

ഒരു പരന്ന വായനക്കാരനാണ്‌ രവിയേട്ടന്‍ .. വീട്ടില്‍ ഒരുക്കിയിരിക്കുന്ന ലൈബ്രറിയാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ സമ്പാദ്യം .. രവിവര്‍മ മുതല്‍ വിശ്വസാഹിത്യം വരെ അതില്‍ ഉണ്ട്‌ ... രവിയേട്ടനെ മനസ്സിലാക്കാന്‍ സാധാരണ ആള്‍ക്കാരെ വിലയിരുത്തുന്ന logic പോരാ .... ഉള്ളിന്റെ ഉള്ളില്‍ സ്നേഹത്തിന്റെ ഒരു നിറഞ്ഞ കുമിള കൊണ്ടു നടക്കുന്ന വ്യക്തിയാണദ്ദേഹം ..

3 Comments:

Blogger Salil said...

രവിയേട്ടനെക്കുറിച്ചുള്ള മറ്റൊരോര്‍മ്മ, ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അങ്ങേര്‍ ഒരു പാത്രത്തില്‍ കുറച്ച്‌ കറി കൊണ്ടു വന്നിരുന്നു. ആ കറി എടുത്ത്‌ വച്ചതിന്‌ ശേഷം അമ്മ പാത്രത്തില്‍ കുറച്ച്‌ ഉണ്ണിയപ്പം വച്ച്‌ തിരിച്ചു കൊടുത്തു. അമ്മ തിരിച്ചു പോയപ്പോള്‍ മൂപ്പര്‌ പറയുകയായിരുന്നു ..

"ഇക്കൊണ്ടു വന്നതിന്റെ അര്‍ത്ഥം എന്താണെന്നറിയുമോ നിനക്ക്‌ - ഓസ്‌ ( free ) ഇങ്ങോട്ട്‌ മാത്രം വേണ്ട എന്നാണ്‌ "..

5/09/2006 12:10:00 PM  
Blogger രാജ് said...

സലില്‍, ഈ ബ്ലോഗ് സത്യത്തില്‍ ഒരു മന്ദാരപ്പൂവിന്റെ ഓര്‍മ്മയാണു പകരുന്നതു്. അതിന്റെ നൈര്‍മല്യം, സുഗന്ധിയായ ആ സാമീപ്യം, എല്ലാം - മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍ പോലെ... ഇവിടവും സ്നേഹമസൃണമാര്‍ന്ന ജീവിതം പങ്കുവച്ച ഒരു കൂട്ടം മനുഷ്യരുടെ കഥകളാണു്.

5/09/2006 12:33:00 PM  
Anonymous Anonymous said...

:-).നല്ല രവിയേട്ടന്‍. രവിയേട്ടനെ കുറിച്ചു ഇനിയും എഴുതൂ.

5/18/2006 02:29:00 AM  

Post a Comment

<< Home