:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, May 10, 2006

::ഏറ്റവും വലിയ സുഖം !!::

രു സെന്‍ കഥയാണിത്‌ .. ഒരിക്കല്‍ ഗുരുകുലത്തില്‍ വച്ച്‌ വിനയ പറഞ്ഞു തന്നതായിരുന്നു ..

ഒരിക്കല്‍ ഒരു ശിഷ്യന്‍ സെന്‍ ഗുരുവിനോട്‌ ചോദിച്ചു .. ലോകത്തിലെ ഏറ്റവും വലിയ സുഖം എന്താണെന്ന് .. ഗുരു ഒന്നും പറയാതിരിക്കുന്നത്‌ കണ്ട്‌ ശിഷ്യന്‍ ചോദിച്ചു .. ഏറ്റവും ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതാണോ ഏറ്റവും വലിയ സുഖം..

"നല്ല ആഹാരം കഴിക്കുന്നതിലിള്ള സുഖം അത്‌ കഴിച്ച്‌ തീരുന്നതോടെ തീരുന്നു .."

പിന്നെന്താണ്‌ .. ഏറ്റവും ഇഷ്ടമുള്ള സ്ഥലം സന്ദര്‍ശിക്കുന്നതാണോ .. അതോ ഏറ്റവും ഇഷ്ടമുള്ള സാധനങ്ങള്‍ കൈക്കലാക്കുന്നതാണോ ...

"നല്ല സ്ഥലം സന്ദര്‍ശിക്കുന്നതിലുള്ള സുഖം അവിടം സന്ദര്‍ശിക്കുന്നത്‌ വരെയല്ലെയുള്ളൂ .. സാധനങ്ങള്‍ക്ക്‌ തരാന്‍ കഴിയുന്ന സുഖവും വളരെ വളരെ നൈമിഷികം മാത്രം "

പിന്നെ എന്താണ്‌ ഗുരോ ഏറ്റവും വലിയ സുഖം .. ??

"ഏറ്റവും വലിയ്‌ സുഖം എന്നത്‌ സഖാക്കളുടെ സംഗമം ആണ്‌ .."

സഖാക്കള്‍ എന്ന് പറയുമ്പോള്‍ അടുത്ത കൂട്ടുകാരാണോ അതോ ബന്ധുക്കളാണൊ എന്താണ്‌ അങ്ങുദ്ദേശിച്ചത്‌ ..

"സഖാക്കള്‍ എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ തന്നെ ആകണമെന്നില്ല ... അത്‌ ഒരു ചെടിയാകാം .. ഒരു പാറയാകാം.. ഒരു വളര്‍ത്തു മൃഗം ആകാം .. ആല്ലെങ്കില്‍ ആലിങ്കൊമ്പത്തിരിക്കുന്ന ഒരു കാക്കയാകാം എന്തുമാകാം ..
....

19 Comments:

Blogger Sreejith K. said...

സംഗമത്തിന്റെ സുഖം അത് കഴിയുന്ന വരെ അല്ലേ ഉള്ളൂ, അപ്പൊ അതാണോ ഏറ്റവും വലിയ സുഖം?

കണ്‍ഫ്യൂഷനായല്ലോ.

5/10/2006 11:58:00 AM  
Blogger ഉമേഷ്::Umesh said...

സുഖമെന്തിഹ ലോകത്തില്‍?
സഖാക്കളുടെ സംഗമം;
ദുഃഖമെന്തഥ? മൂര്‍ഖന്റെ
മുഖം നോക്കീട്ടു ജീവനം.


ഏ. ആര്‍. രാജരാജവര്‍മ്മ “ഉത്തരം” എന്ന അലങ്കാരത്തിനുദാഹരണമായി “ഭാഷാഭൂഷണ“ത്തില്‍ കൊടുത്ത ശ്ലോകമാണു്. ഏതോ സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്.

അപ്പോള്‍ ഈ സെന്നും (അമര്‍ത്തിയതോ സുസ്മിതയോ) മോട്ടോര്‍ സൈക്കിള്‍ മരാമത്തുപണിയുമൊക്കെ സംസ്കൃതത്തിലുമുണ്ടായിരുന്നു, അല്ലേ?

ശ്രീജിത്തേ, “സംഗമം” എന്നു പറഞ്ഞതു നീ ഉദ്ദേശിച്ച കാര്യമല്ല. ചെടി, പാറ, വളര്‍ത്തുമൃഗം എന്നൊക്കെ കണ്ടില്ലേ. ഈ മണ്ടനെക്കൊണ്ടു ഞാന്‍ തോറ്റു.... :-)

5/10/2006 12:06:00 PM  
Blogger Sreejith K. said...

സംഗമം എന്ന് വച്ചാല്‍ meeting ആണെന്നാണ് ഞാന്‍ വിചാരിച്ച് വച്ചിരിക്കുന്നത്. അപ്പൊ അല്ലേ? ആരെങ്കിലും ഒന്നു പറഞ്ഞ് തര്വോ? ഉമേഷേട്ടാ, അക്ച്വലി, വാട്ട് ഈസ് ദിസ് സംഗമം?

5/10/2006 12:11:00 PM  
Blogger SunilKumar Elamkulam Muthukurussi said...

സത്തുക്കളുടെ സംഗം തീര്‍ഥസ്നാന സമാ‍നം
ശാസ്ത്രേ വിശ്രുതം
ഇതു ചിത്തേ നിരൂപിതമില്ലയോ?

5/10/2006 02:52:00 PM  
Blogger കണ്ണൂസ്‌ said...

കാവശ്ശേരി പൂരത്തിന്റെ ദിവസം രാവിലെ 5.30 ന്‌ എഴുന്നേറ്റ്‌ കുളിയും മറ്റ്‌ കാര്യങ്ങളും ഒക്കെ കഴിച്ച്‌, രാവിലെ പോയി ഭഗവതിയെ തൊഴുതു വന്ന്, ഭക്ഷണം കഴിച്ച്‌, കുറച്ചു നേരം പൂരപ്പറമ്പില്‍ ചുറ്റി നടന്ന് പറമ്പു പിരിവ്‌ നടത്തി, ഉച്ചക്ക്‌ 12 മണിക്ക്‌ 3 km നടന്ന് കഴനി ചുങ്കത്ത്‌ പോയി ഈട്‌ കണ്ട്‌, തിരിച്ച്‌ ആര്‍പ്പ്‌ വിളിച്ച്‌ മടങ്ങിയെത്തി, ഒരു തണുത്ത ബിയര്‍ കുടിച്ച്‌, ഉച്ചക്ക്‌ സുഖമായി ഊണ്‌ കഴിച്ച്‌, 2.30 മുതല്‍ കൂട്ടാലക്കല്‍ നിന്ന്‌ 6 മണിക്ക്‌ ആലിന്‍ചുവട്ടില്‍ എത്തുന്നതു വരെ പഞ്ചവാദ്യത്തിനോടൊപ്പം നിന്ന് കൈ വീശി ഉഷാര്‍ കൂട്ടി, കുടയമിട്ടുകള്‍ കണ്ട്‌, പടക്കം കെട്ടുന്നതിന്‌ മുന്‍പ്‌ പാടം ചാടിക്കടന്ന് ദീപാരാധന തൊഴുത്‌, പാടത്തിന്റെ കിഴക്ക്‌ ഭാഗത്ത്‌ എവിടെയെങ്കിലും നിന്ന് 7 മുതല്‍ 8 വരെയുള്ള പകല്‍പൂരത്തിന്റെ വെടിക്കെട്ട്‌ കണ്ടാസ്വദിച്ച്‌, തിരിച്ച്‌ ആലിന്‍ചുവട്ടില്‍ എത്തി പാണ്ടിയുടെ കലാശത്തിന്‌ ഒപ്പം നിന്ന്, കാവിലേക്കിറങ്ങുന്ന എഴുന്നള്ളത്തിനൊപ്പം നടന്ന്, അമ്പലക്കുളത്തിനടുത്ത്‌ വെച്ച്‌ വീണ്ടും തുടങ്ങുന്ന പഞ്ചവാദ്യത്തിന്‌ സാക്ഷി നിന്ന്‌, 9 മണിക്ക്‌ കൊടിമരച്ചുവട്ടില്‍ തിടമ്പിറങ്ങുന്ന വരെ പല്ലാവൂരിലെ രണ്ട്‌ തലമുറകളുടെ കരവിരുത്‌ ആസ്വദിച്ച്‌, തിരിച്ച്‌ വീട്ടിലെത്തി പേരിന്‌ എന്തെങ്കിലും കഴിച്ച്‌ ആലിന്‍ചുവട്ടിലെത്തി വീണ്ടും സുഹൃത്തുകളെ കണ്ട്‌ പിടിച്ച്‌, ഒന്നു കൂടി പൂരക്കാഴ്ചകള്‍ ചുറ്റിക്കണ്ട്‌, കുത്തുവിളക്കുമായി 4 km അകലെ വാവുള്ള്യാപുരത്തേക്ക്‌ പോവുന്ന ദേശക്കാരുടെ ഒപ്പം നടന്ന്, ശങ്കര വാദ്യത്തിന്‌ കൊഴുപ്പു കൂട്ടി, തിരിച്ച്‌ വാവുള്ള്യാപുരം കുതിരയോടൊപ്പം നടന്ന് ആലിന്‍ചുവട്ടില്‍ എത്തി, രാത്രി 12.30 മുതല്‍ തുടങ്ങുന്ന വെടിക്കെട്ട്‌ കാണാന്‍ സൌകര്യമായ ഒരു സ്ഥലം കണ്ട്‌ പിടിച്ച്‌, 5.30 വരെ അവിടെ ഇരുന്ന് 3 ദേശക്കാരുടേയും വെടിക്കെട്ട്‌ കണ്ട്‌, കാവശ്ശേരി കുതിരയോടൊപ്പം കാവുകേറി ഭഗവതിയെ വീണ്ടും തൊഴുത്‌, 7 മണിക്ക്‌ വീട്ടിലെത്തി ഒരു ചുടു ചായ കുടിച്ച്‌, ഫാന്‍ മുഴുവന്‍ സ്പീഡില്‍ ഇട്ട്‌, തണുത്ത നിലത്ത്‌ ഒരു പായ പോലും വിരിക്കാതെ കിടന്ന്, കാലുകള്‍ 45 ഡിഗ്രിയിലും, കൈകള്‍ 180 ഡിഗ്രിയിലും വെച്ച്‌ കിടക്കുമ്പോള്‍ ഉറക്കം പിടിക്കാന്‍ എടുക്കുന്ന 2-3 മിനിറ്റ്‌ നേരത്തെ ഫീലിംഗ്‌ ആണ്‌ ലോകത്തിലെ ഏറ്റവും വലിയ സുഖം.

പി. എസ്‌: എന്റെ സഖാവ്‌ ഉറക്കം ആവുന്നു.

5/14/2006 10:18:00 AM  
Blogger ഉമേഷ്::Umesh said...

കണ്ണൂസേ,

അരേ വാഹ്!

5/14/2006 11:11:00 AM  
Blogger കുറുമാന്‍ said...

കണ്ണൂസ് സഖാവേ - കലക്കി....പന്ത്രണ്ടും നാലും പതിനാറു വരിയില്‍ ഞാന്‍ കാവശ്ശേരി പൂരം കണ്ടു. പഞ്ചവാദ്യം, പാണ്ടി, ശങ്കരവാദ്യം എന്നീ വാദ്യങ്ങള്‍ കേട്ടു.

വേലയും കണ്ടു, വിളക്കും കണ്ടു
പകല്‍ തിര കണ്ടു കപ്പല്‍ കണ്ടൂ......മറന്നൂ..ഞാന്‍ പദ്യം മറന്നൂ..

5/14/2006 11:29:00 AM  
Blogger ഉമേഷ്::Umesh said...

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേല കണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ത്തിര കണ്ടു കപ്പല്‍ കണ്ടു....

5/14/2006 11:38:00 AM  
Blogger കുറുമാന്‍ said...

താങ്ക്യൂ ഉമേഷ് സാര്‍...ഓര്‍മ്മ, ഓര്‍മ്മന്നു പറഞ്ഞാ, ദാ ഇങ്ങനെ ഇന്‍സ്റ്റന്റ് കാപ്പി പോലെ വേണം അല്ലാതെ, എന്റെ പോലെ ഫില്‍ട്ടറു ചെയ്ത് വന്നിട്ടെന്താ ഒരു കാര്യം.......പോരട്ടെ, പോരട്ടെ.....അവിടെ സമയം എത്ര്യായാവോ?r

5/14/2006 11:43:00 AM  
Blogger ദേവന്‍ said...

ഈ റാഗിയെ കേരള നിയസഭ റാഗ്‌ ചെയ്ത്‌ വാനില്‍പ്പറക്കുന്ന ചെമ്പരുന്തും പിന്നെ വീണ്ടും റാഗി പറക്കുന്ന ചെമ്പരുന്തും ആക്കി. പരുന്ത്‌ ഇപ്പൊ പ്രാകി പറക്കല്‍ നിറുത്തി.

5/14/2006 11:46:00 AM  
Blogger Santhosh said...

കണ്ണൂസ്... ഹൊ, ഹൊ, ഹൊ! അപാരം!

5/14/2006 11:54:00 AM  
Blogger Manjithkaini said...

പരുന്തിന്റെ റാക്കല്‍ മാറ്റി വാനില്‍പ്പറത്താന്‍ ശുഷ്ക്കാന്തി കാണിച്ച മുന്‌മന്ത്രി ഇപ്പോ ആരെയൊക്കെയോ പ്രാകി പിറവത്തിരിക്കുന്നു!

5/14/2006 11:54:00 AM  
Blogger അതുല്യ said...

കണ്ണൂസ്സേ ആ വെല്ലങ്കി നെന്മാറയും കൂടി ഇങ്ങനങ്ങ്‌ നരേറ്റ്‌ ചെയ്യാമോ? നമുക്ക്‌ ഒരു പോസ്റ്റാക്കാം. എന്റെ കൈയ്യില്‍ സീരിയല്‍ വൈസ്‌ ഫോട്ടം പിടിച്ചത്‌ ഉണ്ട്‌. ഒന്ന് ഉത്സാഹിയ്കൂ. ബ്ലോഗര്‍ ഒരു വേലയും കാണട്ടെ.

---
പക്ഷെ എന്റെ സഖാവ്‌ മുളക്‌ ചുട്ട്‌, ചെറിയ ഉള്ളി വാട്ടി, പുളി ഞെരടിപിഴിഞ്ഞ്‌ എല്ലാം കൂടി തിരുമ്മി അല്‍പം വെളിച്ചണ്ണ ചേര്‍ത്ത മുളകൊടച്ചതാണു കേട്ടോ.

5/14/2006 12:00:00 PM  
Blogger ദേവന്‍ said...

അതു പരുന്തുശ്ശാപം ഏറ്റിട്ടാ മഞ്ഞിത്തേ.

കാവശ്ശേരിപ്പൂരം കണ്ടിട്ടില്ല, ഒരു കാവശ്ശേരിക്കാരന്‍ പൂരപ്പാട്ടു പാടുന്നതേ കണ്ടിട്ടുള്ളൂ. നെന്മാറ-വല്ലങ്ങി വേല പോരട്ട്‌, അതു ഞാനും കണ്ടതാ.

5/14/2006 12:18:00 PM  
Blogger രാജ് said...

ഈ കണ്ണൂസാണോ പണ്ടെവിടെയോ ഗൃഹാതുരത എന്നൊന്നില്ലെന്നു പറഞ്ഞ കക്ഷി ;) പൂരത്തിന്റന്നും കല്യാണത്തലേന്നും ബോധമില്ലാതെ കിടക്കുന്ന ജനങ്ങളുടെ കൂട്ടത്തില്‍ ടിപ്സ്യായിട്ട് ഒരാളെ കാണാന്‍ കഴിഞ്ഞാല്‍ ബഹുസന്തോഷം.

റാഗിപ്പറക്കുന്ന ചെമ്പരുന്തിനെ ഞാനൊക്കെ സ്കൂളിലെത്തും മുമ്പേ പാഠപുസ്തകത്തില്‍ നിന്നും എടുത്തുകളഞ്ഞിരുന്നു. പഴയ ഏതോ മലയാളപാഠത്തില്‍ നിന്നും ഞാനാ പദ്യം വായിച്ചിട്ടുണ്ടു്, ഉമേഷ് വിശാഖിനു പാടിക്കൊടുക്കൂന്നേയ് :)

കുറുമാന്റെ ചോദ്യം കേട്ടപ്പോള്‍ എകദേശം ഈ പദ്യം പോലുള്ള ഒരു ചലച്ചിത്രഗാനമാണു് ഓര്‍മ്മ വന്നതു്: പേരാറ്റിനക്കരെയക്കരെയേതോ പേരറിയാ.. സുധീഷും ഒരു മദാമ്മയും അഭിനയിച്ച സിനിമ. യെം‌പീത്രി വില്‍ക്കുന്നവരുണ്ടോ?

5/14/2006 01:35:00 PM  
Blogger myexperimentsandme said...

അത് കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത, മോനിഷയൊക്കെയുള്ള, വേനല്‍ക്കിനാവുകള്‍ എന്ന പടമാണോ........

5/14/2006 02:03:00 PM  
Blogger myexperimentsandme said...

കണ്ണൂസേ, വാഹ് വാഹ് വഹാബ്

സലിലേ, കൊള്ളാം.

5/14/2006 02:05:00 PM  
Blogger രാജ് said...

അതു തന്നെയാണെന്നു തോന്നുന്നു വക്കാരീസ്

5/15/2006 06:23:00 PM  
Blogger പാപ്പാന്‍‌/mahout said...

(സഖാക്കളുടെ സംഗമം എന്നു കേട്ടപ്പോ ആദ്യം മനസ്സിലു വന്നതു സി പി എം പാര്‍ട്ടി സമ്മേളനമാണ്.)

പണ്ട് ടി എം ജേക്കബ് “റാകിപ്പറക്കുന്ന ചെമ്പരുന്തിനെ” മാറ്റിയ സമയത്ത് എവിടെയോ വായിച്ച ഒരു നുറുങ്ങുകവിത:

“അഭ്യാസം വിദ്യയായ് ശീലിച്ച ഞാനല്ലോ
വിദ്യാഭ്യാസത്തിന്റെ മന്ത്രിയായി
ആദ്യമൊന്നാം പാഠം കീറി രസിച്ചു ഞാന്‍
പിന്നെ വാഴ്സിറ്റികള്‍, എന്തു രസം”

[കേരള യൂണി.യില്‍ നിന്ന് ഗാന്ധിജി യൂണി. അടര്‍ത്തിയെടുത്തതും ജേക്കബ്ബായിരുന്നല്ലോ.]

5/15/2006 09:43:00 PM  

Post a Comment

<< Home