:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Thursday, April 20, 2006

:: അശോകത്തിന്റെ ബാല്യം ::

പണ്ട്‌ പാലപൂത്ത മണം എന്നതൊക്കെ ഒരു fantacy ആയിരുന്ന കാലത്ത്‌, വീട്ടില്‍ ഒരു പാല വെക്കണം എന്ന് പറഞ്ഞ്‌ വഴക്ക്‌ കൂടിയത്‌ ഓര്‍മ്മയുണ്ട്‌. അത്‌ നടന്നില്ലെങ്കിലും തൊടീക്കളം ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്ന അശോകത്തിന്റെ വിത്ത്‌ പറമ്പില്‍ കുഴിച്ചിട്ടിരുന്നു. 2 വര്‍ഷം മുമ്പാണ്‌ അശോകം പൂത്തത്‌. അന്ന് ഒറ്റ പൂവേ ഉണ്ടായിരുന്നുള്ളൂ.. കഴിഞ്ഞ വര്‍ഷം പൂത്തപ്പോള്‍ on-site assignment ഭൂതം പിടികൂടിയിരുന്നു എന്നെ. തിരിച്ച്‌ വന്നപോഴേക്കും, പൂക്കളൊക്കെ ഏതാണ്ട്‌ കരിഞ്ഞിരുന്നു. ഇത്തവണയും പതിവു പോലെ തന്നെ അശോക മരം പൂത്തു. എന്തോ മുന്‍പുണ്ടായിരുന്ന ഒരു ഉത്സാഹം ഇത്തവണ എനിക്ക്‌ തോന്നിയില്ല ...

19 Comments:

Blogger വിശാല മനസ്കന്‍ said...

ഇത് പറഞ്ഞപ്പോള്‍ ഓര്‍ത്ത മറ്റൊരുകാര്യം.

എന്റെ വീടിന്റെ അടുത്തുള്ള ആള്‍താമസമില്ലാത്ത പറമ്പില്‍ ഒരു മാവ് നിന്നിരുന്നു.

വെയില്‍ കൊള്ളുന്ന ഭാഗം ചൊക ചൊകാന്നായി മാറുന്ന മാങ്ങയുള്ള ആ മാവിനെ, ഞങ്ങള്‍ ‘വിജയശാന്തി‘ എന്ന് പേരിട്ട് വിളിച്ചു. പറമ്പിന്റെ ഉടമ കുറെയകലെയായിരുന്നു താമസം എന്നതുകൊണ്ട്, വല്യ കാര്യായിട്ട് ആള്‍ക്ക് മാങ്ങ കിട്ടിയിട്ടില്ലെന്ന് തന്നെ പറയാം.

വിജയശാന്തിയുടെ മാങ്ങകള്‍ പച്ചക്ക്, ഒടുക്കത്തെ പുളിയും, പഴുത്താല്‍ കിണ്ണന്‍ മധുരവുമാണ്.

ഈ മാങ്ങയുടെ ഗുണമറിഞ്ഞ അയല്പക്കം മാങ്ങയുടെ ‘കുരു‘ നിരക്കെപ്പരക്കെ പാവുകയുണ്ടായി. പക്ഷെ, ചോദിക്കാനും പറയാനും ആളില്ലത്തതുകൊണ്ട്, അടുത്തുള്ള വട്ടമാവും തൊലികൈപ്പന്‍ മാവുമെല്ലാം പരാ‍ഗണം നടത്തി പരാഗണം നടത്തി, വിജയ ശാന്തിയുടെ മക്കള്‍ മൊത്തം സങ്കരന്മാരായി മാറി.

ഒന്നിനുപോലും, അമ്മേടെ ഗുണമില്ലെങ്കിലും ഇന്ന് പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെയായി, പറമ്പ്നിറഞ്ഞ് നില്‍ക്കുന്ന അവരെക്കാണുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട്.

4/20/2006 04:24:00 PM  
Blogger Salil said...

പണ്ട്‌ കോളേജില്‍ മരം നടീല്‍ മഹാമഹം നടന്ന സമയത്ത്‌, നന്നായി വളര്‍ന്ന ഒരു ആല്‍ മരത്തിനെ ചൊല്ലി പലരും അവകാശവാദം ഉന്നയിച്ച്‌ നടന്നിരുന്നു .. ആര്‍ക്കും ഉറപ്പില്ലായിരുന്നു ആ മരം ആര്‌ നട്ടതാണെന്ന് .. എന്നാലും അവകാശ വാദം ഉന്നയിക്കുമ്പോള്‍ ഒരു സുഖം ഉണ്ടായിരുന്നു ....

4/20/2006 10:09:00 PM  
Blogger nalan::നളന്‍ said...

വീടിനു തൊട്ടടുത്ത പറമ്പും കടന്നോടിചെന്നുനില്‍ക്കുക കാവുമുറ്റത്താ. മുറ്റത്തിന്റെ അരിവുപറ്റി എന്നും പൂത്തുനില്‍ക്കുന്ന അശോകം, തൊട്ടടുത്തൊരു കോലന്‍ സപ്പോട്ട. എതിരു വശത്ത് ബംബ്ലിനാരങ്ങാമരം പിറകിലായി ഒരു വന്‍ പുളിയും, അപ്പുറത്തായി കൂവളവും..കുറച്ചകലെ മാറി കാഞ്ഞിരവും..ബാല്യം കാണാണ്ടായപ്പോള്‍ ഇവയെല്ലാം കൂടി എവിടോട്ടോ..
വീണ്ടും നൊവാള്‍ജിയ..

4/21/2006 05:10:00 AM  
Blogger kumar © said...

നാട്ടില്‍ ഞങ്ങളുടെ വീട്ടുമുറ്റത്തും ഉണ്ട് ഒരു അശോകം. പണ്ടുമുതല്‍ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ വലതുവശത്തായി പൂത്തുനില്‍ക്കുന്ന അശോകം. അതിനുമാത്രം വയസ്സാകുന്നില്ല. ബാല്യം മാത്രം.

4/21/2006 11:05:00 AM  
Anonymous Anonymous said...

ഇന്നൊരവകാശവും ഇല്ലാത്തെ തറവാട്ടിലും ഉണ്ട്‌ ഒരു അശോകമരം. കുട്ടിക്കാലത്ത്‌ ഒളിച്ച്‌ കളിക്കുമ്പോള്‍ ഉറുമ്പു കടിച്ച്‌ അശോകമരത്തിന്‌ മുകളില്‍ നിന്നും ഞാന്‍ താഴേ വീണ്‌ ബോധം കെട്ടിട്ടുണ്ട്‌ :)

4/21/2006 11:29:00 AM  
Blogger പെരിങ്ങോടന്‍ said...

പണ്ടു പഠിച്ചിരുന്ന നവോദയ സ്കൂളിലെ നിളാ ഹോസ്റ്റലിനു മുമ്പില്‍ ഒരു അശോകം ഉണ്ടായിരുന്നു. അശോകം പൂത്തു കാണുന്ന ഓര്‍മ്മയില്ല. ഋതുമതികളുടെ സാമീപ്യത്താല്‍ മാത്രമല്ലോ അശോകം പൂക്കുന്നതു് (രാമായണം-ലങ്ക-രാവണന്‍-സീത-അശോകവനി) ബോയ്സ് ഹോസ്റ്റലില്‍ ഋതുമതികള്‍ ഇല്ലാഞ്ഞിട്ടാകും അശോകം പൂക്കാഞ്ഞതു് ;)

ആ ഹോസ്റ്റല്‍ പണ്ടു ഡാം പണിക്കു വന്ന എഞ്ചിനീയേഴ്സിന്റെ ക്വോര്‍ട്ടേഴ്സായിരുന്നു, അക്കാലങ്ങളില്‍ എപ്പോഴെങ്കിലും അശോകം പൂത്തുകാണും..

4/21/2006 02:06:00 PM  
Blogger .::Anil അനില്‍::. said...

രാമായണം-ലങ്ക-രാവണന്‍-സീത-അശോകവനി + add-on അശോകം.
ഇതൊരു വിവാദത്തിനുപറ്റുമെങ്കില്‍ പെരിങ്ങോടരോടു ചോദിക്കട്ടെ, സീത അശോകമരത്തിന്റെ ചുവട്ടിലായിരുന്നോ ഇരുന്നത്?

4/21/2006 02:44:00 PM  
Blogger kumar © said...

അശോകവനിയില്‍, സീത ഇരുന്നത് ശിംശിപ വൃക്ഷചുവട്ടിലാണ്. അശോകത്തിന്റെ ചുവട്ടിലാണെന്ന് പെരിങ്ങോടന്‍ പറഞ്ഞില്ല. അശോകവനി എന്നേ പറഞ്ഞുള്ളു. ശരിയല്ലേ പെരിങ്ങോടരെ?

4/21/2006 02:57:00 PM  
Blogger ഉമേഷ്::Umesh said...

പെണ്‍കുട്ടികളുടെ സാമീപ്യം പോരാ പെരിങ്ങോടരേ, ചവിട്ടണം. എന്നാലേ അശോകം പൂക്കൂ.

കാളിദാസന്റെ “മാളവികാഗ്നിമിത്ര”ത്തില്‍ ഇതിനെപ്പറ്റി വിശദമായി പറയുന്നുണ്ടു്. ഏ. ആറിന്റെ തര്‍ജ്ജമയിലെ

സരസപല്ലവകോമളമായ നിന്‍
ചരണതാരിനു ചഞ്ചലലോചനേ,
പരുപരുത്ത മരത്തിലണയ്കയാല്‍
പറക, ചെറ്റൊരു വേദന പറ്റിയോ?


എന്ന ശ്ലോകവും ഓര്‍മ്മ വരുന്നു.

ഓരൊ വൃക്ഷവും പൂക്കുന്നതു് സ്ത്രീകള്‍ എന്തു ചെയ്യുമ്പോഴാണെന്നു പറയുന്ന ഒരു സംസ്കൃതശ്ലോകമുണ്ടു്. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ? എനിക്കിത്രമാത്രമേ ഓര്‍മ്മ കിട്ടുന്നുള്ളൂ:


പാദാഘാതാദശോകഃ *** കുരവകൌ വീക്ഷണാലിംഗനാഭ്യാം
സ്ത്രീണാം സ്പര്‍ശാത് പ്രിയംഗുഃ......
.....
.....


കുമാറേ, ശിംശിപ ആണോ ശിംശപാ അല്ലേ?

ഉപവനവുമുരുതരതരുപ്രവരങ്ങളും
ഉത്തുംഗമായുള്ള ശിംശപാവൃക്ഷവും


എന്നോ മറ്റോ ആണു് എഴുത്തച്ഛന്‍ പറഞ്ഞിരിക്കുന്നതു്.

4/21/2006 06:52:00 PM  
Blogger ഉമേഷ്::Umesh said...

കുമാര്‍,

വൃക്ഷത്തിനു മാത്രം വയസ്സാകുന്നില്ല എന്ന നിരീക്ഷണം മനോഹരം.

തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ
മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍
എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍,
എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍!


എന്നു് റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കിന്‍ പാടിയിട്ടുണ്ടു്.

4/21/2006 06:57:00 PM  
Blogger മന്‍ജിത്‌ | Manjith said...

Poems are made by fools like me
But only God can make a tree

എന്നു ജോയ്സി കില്‍‌മര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ഉമേഷ്ജീ സമയം‌പോലെ ആ കവിതയും ഒന്നു പരിഭാഷപ്പെടുത്തൂ.

4/21/2006 08:40:00 PM  
Blogger evuraan said...

മണ്ഡരിയും മഴുവും നോട്ടമിട്ടില്ലെങ്കില്‍ മാത്രം മരം മുത്തച്ഛനാവുന്ന കാലം...

വേര്‍ഡ് വേരിഫിക്കേഷന്‍ വേണ്ടേ?

4/21/2006 08:52:00 PM  
Blogger ഉമേഷ്::Umesh said...

മന്‍‌ജിത്,

ഞാനെന്ന വിഡ്ഢി താന്‍ പോരും
കാവ്യമൊന്നു പടച്ചിടാന്‍
ആ ദയാലോലനേ പറ്റൂ
പാദപത്തെച്ചമച്ചിടാന്‍


എന്നു മതിയോ? ഇപ്പോള്‍ പടച്ച ദ്രുതകവനമാണേ...

4/21/2006 10:40:00 PM  
Blogger Salil said...

ഭംഗിയായിട്ടുണ്ട്‌ ഉമേഷ്‌ ..
ചെറുത്‌ തന്നെയാണ്‌ സുന്ദരം ....

4/21/2006 11:15:00 PM  
Blogger à´®à´¨àµâ€à´œà´¿à´¤àµâ€Œ | Manjith said...

ഉമേഷ്ജീ നന്ദി; നന്നായിട്ടുണ്ട്.

ഈ കവിതയുടെ പൂര്‍ണ്ണരൂപം വിക്കിയിലുണ്ട്. മൊത്തരൂപത്തിനായി കാത്തിരിക്കുന്നു.

ഓഫ് ടോപിക്

പണ്ടൊരു മാഷുണ്ടായിരുന്നു. പശുവളര്‍ത്തല്‍ എന്നൊരു ഹോബിയുള്ളതിനാല്‍ എന്നും ക്ലാസില്‍ പശുവിനെപ്പറ്റി പഠിപ്പിക്കുകയാണങ്ങോരുടെ വിനോദം. പശു ഒരു നാല്‍ക്കാലിയാണ്, അതു നമ്മുക്കു പാലു തരും, ചാണകം തരും എന്നിങ്ങനെ സുദീര്‍ഘമായ ക്ലാസ്. ഇതു പതിവായിക്കേട്ട ഹെഡ്മാഷ് ഒരിക്കല്‍ വന്നു പറഞ്ഞു മാഷേ പശു കുറേയയില്ലേ. ഇനി രണ്ടാം പാഠമെടുക്ക്, തെങ്ങിനെക്കുറിച്ച്. ഹെഡ്മാഷ് പോയതും നമ്മുടെ മാഷ് തെങ്ങിനെപ്പറ്റി ക്ലാസെടുക്കാന്‍ തുടങ്ങി.

തെങ്ങ് കല്‍‌പവൃക്ഷമാണ്. തെങ്ങിനെ കേരവൃക്ഷമെന്നും വിളിക്കും. അങ്ങനെയാണ് കേരളം എന്നു പേരുവന്നത്. തെങ്ങില്‍ തേങ്ങയുണ്ടാകും. തെങ്ങ് പശുവിനെക്കെട്ടിയിടാന്‍ പറ്റിയ വൃക്ഷമാണ്. പശു ഒരു നാല്‍ക്കാലിയാണ്..പശു നമുക്കു പാലു തരും....:)

ഇത്ര മസിലുപിടിച്ച് ഒരു തമാശക്കഥയെഴുതിയതെന്തിനാണെന്നാവും. ഏതു കാര്യം തുടങ്ങിയാലും അതു വിക്കിപീഡിയയില്‍ എത്തിക്കുന്ന എന്റെ സ്വഭാവ ദൂഷ്യമോര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്

4/22/2006 12:16:00 AM  
Blogger ഉമേഷ്::Umesh said...

ആദ്യത്തെ ശ്രമം:

ഒരു മരം പോലെ മനോഹരമായൊരു
കവിത ഞാന്‍ കാണുമോ ഭൂവില്‍?

ക്ഷിതിയാകുമമ്മ തന്‍ വിരിമാറിടത്തിലെ
മധുരമാം ദുഗ്ദ്ധം കുടിപ്പൂ...

ചുടുകാലമെത്തവേ, കിളികളുടെ കൂടു തന്‍
മുടിയില്‍ വഹിച്ചു നില്‍ക്കുന്നു...

ഹിമമതിന്‍ മാറത്തു കഞ്ചുകം തീര്‍ക്കുന്നു,
മഴയില്‍ നനഞ്ഞു കുതിരുന്നു...

തിരുമണ്ടര്‍ കവിതകളെയെഴുതട്ടെ, യീ ഞാനും;
മരമൊന്നു തീര്‍പ്പതവന്‍ താന്‍!

4/22/2006 12:47:00 AM  
Blogger ഉമേഷ്::Umesh said...

മന്‍‌ജിത്തിന്റെ ലിങ്കു ശരിയല്ല. “ജോയ്സി കില്‍മര്‍“ തിരയാതെ “ജോയ്‌സി കില്‍മര്‍“ തിരയുക. “യ”യുടെയും “സ്”യുടെയും ഇടയ്ക്കു് പൂജ്യം വീതിയുള്ള എന്തോ വേണമെന്നര്‍ത്ഥം. ഇതാണു സിബുവും വിനോദും മറ്റും പറഞ്ഞ സേര്‍ച്ച് പ്രോബ്ലം, അല്ലേ? പക്ഷേ ഈ ശൂന്യവീതിക്കാരെ തിരച്ചില്‍ യന്ത്രങ്ങള്‍ അവഗണിക്കുമെന്നാണല്ലോ ഞാന്‍ കേട്ടതു്?

4/22/2006 12:55:00 AM  
Blogger ഉമേഷ്::Umesh said...

പരിഭാഷയുടെ ഒരു പരിഷ്കൃതരൂപം ഇവിടെ ഇട്ടിട്ടുണ്ടു്.

4/22/2006 01:35:00 AM  
Anonymous Anonymous said...

This is very interesting site... blue bookcase headboards shelves liner mercedez benz shewsbury Search engine optimization for law firms Book shelves style tuscany online payday loan Gondolas shelves Dsl service chico ca Built in bookcases in ma Is it illegal to have a radar detector building shelves

2/15/2007 01:23:00 PM  

Post a Comment

<< Home